കേരളത്തിൽ ആരോഗ്യരംഗം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി മുഖ്യമന്ത്രി
അഡ്മിൻ
ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിൽ ആരോഗ്യരംഗം മികച്ച രീതിയിൽ മുന്നേറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർബുദ ചികിത്സയിൽ മുന്നേറ്റം സാധ്യമാക്കിയ സമഗ്ര ക്യാൻസർ നിയന്ത്രണ പദ്ധതിയാണ് ഇതിലെ പ്രധാന നേട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്തനാർബുദം പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും ക്യാൻസർ കുടുംബചരിത്രമുള്ളവർക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യ സ്ക്രീനിംഗ് ലഭ്യമാക്കുന്നുണ്ട്. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന ജനകീയ ക്യാമ്പയിനിലൂടെ ഒരു വർഷത്തിനിടെ 21 ലക്ഷം പേരെ സ്ക്രീനിംഗിന് വിധേയരാക്കിയതായും അദ്ദേഹം അറിയിച്ചു.
മാതൃമരണനിരക്കും ശിശുമരണനിരക്കും രാജ്യത്ത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ശിശുമരണനിരക്ക് ആയിരം ജനനങ്ങളിൽ 5 ആയി കുറഞ്ഞതായും, ഇന്ത്യയുടെ ദേശീയ ശരാശരി 25 ആണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അർബുദ രോഗങ്ങൾ ആരംഭഘട്ടത്തിൽ കണ്ടെത്തിയാൽ ജീവിതം പൂർണമായി തിരിച്ചുപിടിക്കാനാകുമെന്നും, പണമില്ലെന്ന കാരണത്താൽ സംസ്ഥാനത്ത് ആരുടെയും ചികിത്സ മുടങ്ങരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.