തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിൽ ഇഡി റെയ്ഡ്

തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐപാക്കില്‍ ഇഡി നടത്തിയ പരിശോധനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എംപിമാര്‍ ദില്ലിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മോദിയുടെയും അമിത് ഷായുടെയും “വൃത്തികെട്ട രാഷ്ട്രീയം” ബംഗാള്‍ തള്ളിക്കളയുമെന്നായിരുന്നു മുദ്രാവാക്യം.

ഐപാക്കിലെ ഇഡി റെയ്ഡിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് കൊല്‍ക്കത്തയില്‍ പ്രതിഷേധം നടക്കും. അതേസമയം, ഗവര്‍ണര്‍ ആനന്ദ ബോസിന് വധഭീഷണി ലഭിച്ച പശ്ചാത്തലത്തില്‍ ബംഗാളില്‍ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രസംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലെ ഗോദ്രേജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ ഐപാക്ക് ഓഫീസിലുമാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്. പാര്‍ട്ടി വിവരങ്ങളടങ്ങിയ പ്രധാന ഫയലുകള്‍ ഇഡി അനധികൃതമായി കൈയ്യേറിയെന്ന ആരോപണവും തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിച്ചു.

09-Jan-2026