ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം; എസ്ഐടി പ്രവര്‍ത്തിക്കുന്നത് പൂര്‍ണസ്വാതന്ത്ര്യത്തോടെ: ഡിജിപി

ശബരിമല സ്വർണമോഷണക്കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. എസ്‌ഐടിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും, അന്വേഷണത്തിന് മേൽ ആരുടേയും രാഷ്ട്രീയമോ മറ്റ് തരത്തിലുള്ള സമ്മർദ്ദങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഇടപെടലുകളില്ലാതെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിജിപി അറിയിച്ചു. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതി എസ്‌ഐടിയുടെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവരെ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ എസ്‌ഐടി അറസ്റ്റ് ചെയ്തു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ശബരിമലയിൽ നിന്ന് സ്വർണം മാത്രമല്ല, എന്ത് നഷ്ടപ്പെട്ടാലും അത് ദുഃഖകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

09-Jan-2026