അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണത്തിന് നിരോധനം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണം അയോധ്യ ഭരണകൂടം നിരോധിച്ചു. 'പഞ്ചകോശി പരിക്രമ' പാതയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് വിശദീകരണം.

പ്രദേശത്തെ ഹോം സ്റ്റേകളിലും ഹോട്ടലുകളിലും മാംസാഹാരം വിളമ്പരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അയോധ്യയിലെ ചില ഹോട്ടലുകളിലും ഹോം സ്റ്റേകളിലും മാംസാഹാരവും മദ്യവും വിളമ്പുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ഈ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

2025 മെയ് മാസത്തിൽ, അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള 'രാം പഥ്' പാതയിൽ മദ്യത്തിന്റെയും മാംസാഹാരത്തിന്റെയും വിൽപ്പന നിരോധിക്കാൻ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇരുപതിലധികം മദ്യശാലകൾ ഇപ്പോഴും പാതയിൽ പ്രവർത്തിക്കുന്നുണ്ട്.

10-Jan-2026