അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിലിൽ

മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് അനുവദിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡിലായ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി.

ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എആർ ക്യാമ്പിൽ നിന്ന് വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചത്. ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു അറസ്റ്റ്.

ഐപിസി 376, 506 വകുപ്പുകളാണ് രാഹുലിന് മേൽ ചുമത്തിയിട്ടുള്ളത്. പ്രതി നിയമസഭാ സാമാജികനും ഉന്നതരാഷ്ട്രീയ പ്രമുഖരുമായി ബന്ധമുള്ളയാളുമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസ് രജിസ്റ്റർ ചെയ്‌ത ശേഷവും അതിജീവിതമാരെ ഭീഷണിപ്പെടുത്തുകയും കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അത് ഈ കേസിലും ആവർത്തിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ജാമ്യം നൽകരുതെന്ന് അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഫോൺ ലോക്ക് അടക്കം മാറ്റാൻ വിസമ്മതിച്ചതായും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. രാഹുൽ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്‌തുവെന്നും ഹോട്ടലിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആഢംബര ഹോട്ടലിൽ റൂമിലേക്ക് കയറ്റിയതിന് പിന്നാലെ ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് ക്രൂരമായി മർദ്ദിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 31 വയസുകാരിയാണ് പരാതിക്കാരി.

11-Jan-2026