റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയിൽവാസം നീളാൻ സാധ്യത

ബലാത്സംഗക്കേസിൽ രാഹൂൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വാങ്ങും. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക വിവരം പ്രത്യേക അന്വേഷണ സംഘം സ്പീക്കർ എ.എൻ. ഷംസീറിനെ അറിയിച്ചു. തുടർച്ചയായി കേസുകളിൽ പ്രതിയാക്കപ്പെടുന്ന സാഹചര്യത്തിൽ രാഹുലിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികൾ നിയമസഭാ പ്രിവ്ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും.

എസ്‌ഐടിയിൽ നിന്നുള്ള വിശദമായ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾക്കായി കമ്മിറ്റിക്ക് ശുപാർശ നൽകുമെന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജയിൽവാസം നീളാനാണ് സാധ്യത. ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെങ്കിലും, പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുന്നതിനാൽ ജാമ്യഹർജിയിലെ വാദം വൈകും.

കോടതി കസ്റ്റഡി അനുവദിക്കുകയാണെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഇനിയും ഒരാഴ്ചയോളം എടുത്തേക്കാം. അതിനാൽ അതുവരെ അദ്ദേഹം മാവേലിക്കര ജയിലിലും പോലീസ് കസ്റ്റഡിയിലുമായി തുടരേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി കുറ്റപത്രം സമർപ്പിക്കാനായി മൂന്ന് കേസുകളിലെയും അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

12-Jan-2026