ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ

ഷാഫി പറമ്പിൽ എംപിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ പരോക്ഷ വിമർശനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി നിർദേശിച്ചത് ജെ എസ് അഖിലിനെയായിരുന്നു എന്ന സൂചനയോടെയാണ് വിമർശനം. അന്ന് ആ നിർദേശം നടപ്പാക്കിയിരുന്നുവെങ്കിൽ കൂടുതൽ മികച്ച ഫലം ലഭിക്കുമായിരുന്നുവെന്നും സുധീരൻ അഭിപ്രായപ്പെട്ടു.

ഉമ്മൻ ചാണ്ടി വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 2023 ലാണ് സംഭവങ്ങളുടെ തുടക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ട കെ എം അഭിജിത്ത്, ജെ എസ് അഖിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ പേരുകളുമായി ഷാഫി പറമ്പിലും ബെന്നി ബെഹന്നാനും ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. അപ്പോൾ ഉമ്മൻ ചാണ്ടി ജെ എസ് അഖിലിന്റെ പേരാണ് ചൂണ്ടിക്കാട്ടിയതെന്നും, അത് ഒരു പേരിൽ മാർക്ക് ചെയ്ത് വ്യക്തമാക്കിയിരുന്നുവെന്നും വിവരം പുറത്തുവരുന്നു.

എന്നാൽ പിന്നീട് നടന്ന രാഷ്ട്രീയ ചരടുവലികളിൽ ഉമ്മൻ ചാണ്ടിയുടെ നിർദേശം നടപ്പായില്ല. ഇതോടെ പാർട്ടിയുടെയും ഗ്രൂപ്പിന്റെയും ഉള്ളിൽ തന്നെ ഭിന്നതകൾക്ക് വഴിവച്ചുവെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഷാഫി പറമ്പിൽ നിർണായക ഘട്ടത്തിൽ എ ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്ക് അപ്പുറം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതായാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.

13-Jan-2026