മുണ്ടക്കൈ ചൂരൽമല ഭവന നിർമ്മാണ തട്ടിപ്പ് കോൺഗ്രസിനെ വിടാതെ പിന്തുടരും : മന്ത്രി എംബി രാജേഷ്
അഡ്മിൻ
മുണ്ടക്കൈ–ചൂരൽമല ഭവന നിർമാണ തട്ടിപ്പിൽ കോൺഗ്രസ് നേതൃത്വം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. വീട് നിർമാണം ആരംഭിക്കുമെന്ന് ആദ്യം ഡിസംബർ 28 എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം പിന്നീട് ജനുവരി 10 ആക്കി മാറ്റിയതായും, ഇന്നിപ്പോൾ ജനുവരി 13 ആയിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വിമർശിച്ചു. ദുരന്തബാധിതരെ വഞ്ചിച്ചുള്ള തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വീട് നിർമാണത്തിന്റെ പേരിൽ പ്രത്യേക ആപ്പ് തയ്യാറാക്കി വൻതോതിൽ പണം സമാഹരിച്ചതായും, ആ പണത്തിന് എന്ത് സംഭവിച്ചുവെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. ആ പണം ഉപയോഗിച്ചാണോ വയനാട്ടിൽ ‘ലക്ഷ്യ’ ക്യാമ്പ് സംഘടിപ്പിച്ചതെന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു.
വയനാട്ടിലെ ജനങ്ങളോടുള്ള ഗുരുതര വഞ്ചനയാണ് കോൺഗ്രസ് നേതൃത്വം നടത്തിയതെന്നും, മുണ്ടക്കൈ–ചൂരൽമല ഭവന നിർമാണ തട്ടിപ്പ് കോൺഗ്രസിനെ വിട്ടൊഴിയില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ നീതി ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.