ബിഹാറിലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍ഡിഎയിലേക്ക് എന്ന് സൂചന

ബിഹാറിലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍ഡിഎയിലേക്കോ? തിങ്കളാഴ്ച പട്‌നയിലെ സദഖത്ത് ആശ്രമത്തില്‍ മകര സംക്രാന്തിയോടനുബന്ധിച്ച് പാര്‍ട്ടി സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നില്‍ ആറ് എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അഭ്യൂഹം ഉയര്‍ന്നത്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കളും പ്രവര്‍ത്തകരും വിരുന്നില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഔദ്യോഗിക പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

കഴിഞ്ഞയാഴ്ച, എംഎന്‍ആര്‍ഇജിഎ (MNREGA)യുടെ പേര് മാറ്റാനുള്ള കേന്ദ്ര നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മൂന്ന് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല.

എംഎല്‍എമാരുടെ അസാന്നിധ്യത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരും തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാമിന്റെ പ്രതികരണം. പ്രവര്‍ത്തകരുടെ വീര്യം തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും രാഷ്ട്രീയ എതിരാളികള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആകെയുള്ള ആറും പോകുമോ? ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക്?
"ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട"; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി
മറ്റെന്തെങ്കിലും തിരക്കുകള്‍ കാരണാമാകാം എംഎല്‍എമാര്‍ വരാതിരുന്നത്. വിരുന്നില്‍ പങ്കെടുക്കാത്തതിന് പാര്‍ട്ടിയുമായി നല്ല ബന്ധമല്ല എന്ന് അര്‍ത്ഥമില്ല. അങ്ങനെ ഒരു വിധിയില്‍ ആരും എത്തിച്ചേരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരും എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്ന് ആദ്യം പറഞ്ഞത് ലോക് ജനശക്തി (റാം വിലാസ്) മന്ത്രിയായ സഞ്ജയ് സിങ് ആയിരുന്നു. മകരസംക്രാന്തിയോട് അനുബന്ധിച്ച് ജനുവരി 15 നോ 16 നോ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു സഞ്ജയ് സിങ്ങിന്റെ പ്രഖ്യാപനം.

മനോഹര്‍ പ്രസാദ് സിങ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജന്‍, ആബിദുര്‍ റഹ്‌മാന്‍, മുഹമ്മദ് കമറുല്‍ ഹുദ, മനോജ് ബിശ്വാസ് എന്നീ എംഎല്‍എമാരാണ് എന്‍ഡിഎയിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 61 സീറ്റുകളിലേക്ക് മത്സരിച്ച കോണ്‍ഗ്രസിന്റെ ആകെ ജയിച്ച ആറ് പേരാണിവര്‍.

13-Jan-2026