ആലപ്പുഴ ജില്ലയിൽ ഇതുവരെ 34543 ലൈഫ് ഭവനങ്ങൾ പൂർത്തിയായി: മന്ത്രി പി പ്രസാദ്
അഡ്മിൻ
ആലപ്പുഴ ജില്ലയിൽ 34543 ലൈഫ് മിഷൻ വീടുകൾ ഇതുവരെ പൂർത്തിയായതായും ഫെബ്രുവരിയോടെ ഇത് മുപ്പത്തയ്യായിരത്തിൽ എത്തുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യവിതരണ വകുപ്പിന്റെ 47 കെ സ്റ്റോറുകളിൽ 19 എണ്ണം ജനുവരി 26 നു മുമ്പും ബാക്കി ഫെബ്രുവരി 15 നു മുമ്പും ഉദ്ഘാടനം ചെയ്യും. ജില്ലാ സബ് ജയിലിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും മുഹമ്മ പൊലീസ് ക്വാർട്ടേഴ്സിന്റെ നിർമ്മാണോദ്ഘാടനവും ജനുവരി 24ന് നടത്താൻ സാധിക്കും.
മെഡിക്കൽ കോളേജ് ട്രോമാകെയർ കെട്ടിടത്തിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനവും 26 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും ഫെബ്രുവരി 15ന് നടത്തും. തുറവൂർ താലൂക്ക് ആശുപത്രിയിലെ ട്രോമാകെയർ സെന്റർ, ചെങ്ങന്നൂർ ജില്ലാ ആശുപത്രി കെട്ടിടം, ജനറൽ ആശുപത്രി, പബ്ലിക് ഹെൽത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി പകുതിക്കുള്ളിൽ നടത്തും.
എല്ലാ ജില്ലാതല വകുപ്പ് മേധാവികളും വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ സമയബന്ധിതമായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽതന്നെ തീർക്കുന്നതിന് നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പുകൾ കരുതലും കൈത്താങ്ങും അപേക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തരമായി തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. താഴെത്തട്ടിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഇതിനുള്ള നിർദ്ദേശം നൽകണം. നവകേരള സദസ്സിൻ്റെ ഭാഗമായി സർക്കാർ ജില്ലയിലെ മണ്ഡലങ്ങളിൽ അനുവദിച്ച പ്രത്യേക പദ്ധതികൾക്ക് പണം ലഭ്യമായിട്ടുണ്ട്. ഇത് എത്രയും വേഗം തുടങ്ങണം. ഈ പ്രവർത്തങ്ങളെക്കുറിച്ച് അതത് മണ്ഡലങ്ങളിലെ എം.എൽ.എ മാരുമായി ചർച്ച ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.
വിവിധ മണ്ഡലങ്ങളിലായി 17 അങ്കണവാടികളുടെ തറക്കല്ലിടലും രണ്ടെണ്ണത്തിന്റെ പൂർത്തീകരണ ഉദ്ഘാടനവും ഉടൻ നടത്തുമെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
ജില്ലയിലെ പ്രധാന പദ്ധതികളിൽ ഉൾപ്പെട്ട പടഹാരം പാലം ജനുവരി പകുതുയോടെയും പെരുമ്പളം പാലം ഈ മാസം അവസാനവും നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.