രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം
അഡ്മിൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യൽ തുടരുകയാണ്. എസ്.പി. മുരളീധരന്റെ നേതൃത്വത്തിൽ, അതിജീവിത നൽകിയ പരാതിയും മൊഴിയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക ചോദ്യാവലി അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അന്വേഷണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പൂർണമായി സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി വ്യക്തമാക്കി. കേസിൽ നിർണായക തെളിവുകൾ അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന രാഹുലിന്റെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവയുടെ പാസ്‌വേഡുകൾ നൽകാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ മറ്റന്നാൾ രാവിലെ രാഹുലിനെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, രാഹുലിന്റെ അടുത്ത സുഹൃത്തായ ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് എസ്‌ഐടി. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെനിക്ക് അറിയാമെന്ന വിലയിരുത്തലിലാണ് സംഘം. കഴിഞ്ഞ ദിവസം അന്വേഷണ സംഘം തിരുവല്ലയിലെ ഒരു ഹോട്ടലിൽ എത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചതായും അറിയിച്ചു.