തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയിൽ. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്ഐടി തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ പറയുന്നു. ഹൈക്കോടതിയിലാണ് എസ്ഐടി അപ്പീൽ നൽകിയത്.


രണ്ട് കേസുകളിലെയും ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ പൂർണമായും നീക്കണമെന്നും അപ്പീലിൽ എസ്ഐടി ആവശ്യപ്പെടുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ എസ്ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു . സ്വര്‍ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാൻ ആകില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.

13-Mar-2026