‘വന്ദേ മാതരം’ വിവാദം; സർക്കാർ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

വന്ദേ മാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ രംഗത്ത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം പാടുന്നതെന്നും, യഥാർഥ മതവിശ്വാസികൾ സർക്കാർ നടപടിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന് വിഷയത്തിൽ വ്യക്തമായ നിലപാടില്ലെന്നും റിയാസ് വിമർശിച്ചു.

ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സർക്കാരിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി ചീഫ് സെക്രട്ടറിക്ക് സ്വീകരിക്കാൻ കഴിയില്ലെന്നും ആരോപിച്ചു. കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും, അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വന്ദേ മാതരം വിവാദമെന്നും റിയാസ് പറഞ്ഞു.

സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന പ്രധാന വിഷയങ്ങളിലൊന്നാണിതെന്നും, സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം ആലപിച്ചത് അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അതിന് അനുമതി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. യഥാർഥ ഹിന്ദുമത വിശ്വാസികൾ പോലും ഇത്തരം നടപടിയെ അംഗീകരിക്കില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം, വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേ മാതരം മുഴുവനായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ച സാഹചര്യത്തിൽ, ലോക് ഭവന്റെ നിർദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണവും ചർച്ചയായി.

ഇതിനിടെ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കായി പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വന്ദേ മാതരം ആലപിക്കുന്നതിനെക്കുറിച്ച് പ്രത്യേക പരാമർശമില്ലെന്നും, ദേശീയഗാനത്തെക്കുറിച്ചുള്ള നിർദേശങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കപ്പെടുന്നു. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്റെ നിർദേശപ്രകാരം വന്ദേ മാതരം പൂർണമായി ആലപിച്ചതും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 
 
 
 

10-Aug-2026