തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ ദേശീയപാത വികസനം മുന്നോട്ട് പോകാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനാലാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് ശിലാഫലകത്തിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശിലാഫലകത്തിൽ ആദ്യം പൊതുമരാമത്ത് മന്ത്രിയുടെ പേര് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് അത് ഒഴിവാക്കിയതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ബൂത്ത് കമ്മിറ്റികൾ ഉൾപ്പെടെ പാർട്ടി ഘടകങ്ങൾ സജീവമായി രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

ജി. സുധാകരൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് പുറത്ത് പോയ ആളെ എന്ത് പറഞ്ഞാണ് അനുനയിപ്പിക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം, പാർട്ടി വിട്ടത് സുധാകരനാണെന്നും പറഞ്ഞു. അമ്പലപ്പുഴ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണെന്നും അവിടെ ഇടതുമുന്നണി വിജയം നേടുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

13-Mar-2026