തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ഉറച്ച നിലപാടിൽ കെ സുധാകരൻ; കോൺഗ്രസിൽ പ്രതിസന്ധി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ഉറച്ച നിലപാടിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. സിറ്റിംഗ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം നിലനിൽക്കെയാണ് സുധാകരൻ തന്റെ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്.

ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയിലും അദ്ദേഹം ഈ നിലപാട് വ്യക്തമാക്കും. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിച്ചാൽ കെ. സുധാകരനും അടൂർ പ്രകാശിനും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

മത്സരിക്കാൻ എം.പിമാരെ അനുവദിക്കാതെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവരുടെ അഭിപ്രായം കൂടി പരിഗണിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലവിലെ നീക്കം. എന്നാൽ ഇതിനിടെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരനെ അനുകൂലിച്ചുകൊണ്ട് വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് ചർച്ചയായിട്ടുണ്ട്. “പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു” എന്നും “കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ്” എന്നുമാണ് ഫ്ലക്സിലെ വാചകങ്ങൾ. അണികൾക്കിടയിൽ സുധാകരന്റെ സാന്നിധ്യത്തിനായി വലിയ സമ്മർദ്ദമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

17-Mar-2026