കോൺഗ്രസിനെ വീണ്ടും ഞെട്ടിച്ച് ശശി തരൂരിന്‍റെ മോദി സർക്കാർ സ്തുതി.
അഡ്മിൻ
കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി ശശി തരൂർ രംഗത്ത്. പശ്ചിമേഷ്യയിലെ സംഘർഷപരിസ്തിതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ മോദി നയിക്കുന്ന സർക്കാരിന്റെ “ആത്മസംയമനം” ബലഹീനതയല്ല, മറിച്ച് ഇന്ത്യയുടെ തന്ത്രപരമായ കരുത്തിന്റെ പ്രകടനമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഒരു ഉത്തരവാദിത്വമുള്ള ആഗോള ശക്തിയായി പ്രവർത്തിക്കേണ്ടതുണ്ടെന്നും, അതിനാൽ തന്നെ ആവേശപരമായ പ്രതികരണങ്ങൾക്ക് പകരം സമതുലിതവും കണക്കുകൂട്ടിയതുമായ നയങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശിക സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ നയതന്ത്രപരമായ സമീപനം നിർണായകമാണെന്നും തരൂർ പറഞ്ഞു.
എന്നാൽ, തരൂരിന്റെ ഈ നിലപാട് കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനെ തുറന്നുപുകഴ്ത്തിയതിനെതിരെ പാർട്ടിയിലെ ചില വിഭാഗങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നതായി സൂചനയുണ്ട്. പ്രത്യേകിച്ച് ബിജെപിയെ ശക്തമായി വിമർശിക്കുന്ന പാർട്ടി നിലപാടിനോട് വിരുദ്ധമായി തോന്നുന്ന തരത്തിലുള്ള പ്രതികരണമാണ് തരൂരിന്റേതെന്ന് വിമർശകർ ആരോപിക്കുന്നു.
അതേസമയം,ബിജെപി തരൂരിന്റെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വാക്കുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും, കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് ബിജെപി. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യവും ഇതോടെ വീണ്ടും ഉയർന്നിരിക്കുകയാണ്.
തരൂരിന്റെ പ്രസ്താവന രാഷ്ട്രീയരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള സ്വതന്ത്ര നിലപാടാണോ, അല്ലെങ്കിൽ പാർട്ടി ലൈൻ ലംഘിച്ചതാണോ എന്ന ചർച്ചകളാണ് ഇപ്പോൾ ശക്തമാകുന്നത്.