ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ലല്ലോ പൊതുയോഗമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയൻ “വീട്ടിൽ പോയി ചോദിക്കൂ” എന്ന പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണം നൽകി. പൊതുയോഗം പത്രസമ്മേളനം അല്ലെന്നും, അതിനാൽ അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് അതേ രീതിയിലുള്ള മറുപടിയാണ് നൽകിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുയോഗത്തിൽ പറയുന്നത് ഇഷ്ടമുള്ളവർ കേട്ടാൽ മതി, ഇഷ്ടമില്ലെങ്കിൽ അവിടെ നിന്ന് മാറിനിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ എല്ലാ ഘട്ടങ്ങളിലും പാലിക്കേണ്ട ഒരു മര്യാദയുണ്ടെന്നും, അത് ലംഘിക്കുമ്പോൾ പ്രതികരണവും അതനുസരിച്ച് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്തവർ എൽഡിഎഫിനെയോ തനിക്കോ എതിരായി എത്തിയവരല്ലെന്നും, ചിലപ്പോൾ ആവേശത്തിന്റെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ലഭിക്കുന്ന മറുപടി സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ സി വേണുഗോ[പാലിന്റെ വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. “സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കോന്നിയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ പ്രസംഗത്തിനിടെ സദസിൽ നിന്നുയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി “വീട്ടിൽ പോയി ചോദിക്കൂ” എന്ന് പ്രതികരിച്ചതാണ് വിവാദത്തിന് കാരണമായത്. തുടർന്ന് മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം നിലപാട് വിശദീകരിക്കുകയായിരുന്നു.
കപ്പിൽ എഴുതിയിരുന്ന “Love you to the moon and back” എന്ന വാചകത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. അത് യാദൃശ്ചികമായിരുന്നുവെന്നും, തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടത്തിലും തങ്ങൾ “അവളോടൊപ്പം” ആയിരുന്നുവെന്നും, ഇപ്പോഴും അതേ നിലപാടാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം ആ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും, അതേസമയം പെൺകുട്ടിക്കെതിരെ സൈബർ ആക്രമണങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭാവിയിലും ഇത്തരം അനുഭവങ്ങൾ നേരിടുന്നവർക്കൊപ്പം നിൽക്കുന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.