പ്രതിഭയ്ക്കെതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി മഹിളാ അസോസിയേഷന്
അഡ്മിൻ
യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി മഹിള അസോസിയേഷന്. കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ആലപ്പുഴ ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എ ഇര്‍ഷാദിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പികെ ശ്രീമതിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നല്‍കിയത്.
സ്ഥാനാര്‍ഥിയെ അപമാനിക്കാനും വ്യക്തിയുടെ അന്തസ്സിനെ അപകീര്‍ത്തി പെടുത്തുന്നതുമായ പ്രസ്താവനയാണ് എ ഇര്‍ഷാദ് നടത്തിയതെന്നും പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല, ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടുതന്നെ എ ഇര്‍ഷാദിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശിക്കണം. ഇയാള്‍ക്കെതിരെ കേസ് എടുക്കാണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.