സുരേഷ് ഗോപിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം പരിഗണനയില്‍ തുടരും

തൃശൂര്‍ ലോക്‌സഭാംഗമായ സുരേഷ് ഗോപിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം പരിഗണനയില്‍ തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ ഉപഹര്‍ജി കോടതി തള്ളി.

ഇതോടെ സിപിഐ നേതാവ് എ.എസ്. ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടേണ്ടിവരും എന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എ.എസ്. ബിനോയ് ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. “ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് നല്‍കിയവര്‍ക്ക് അവകാശമുള്ളതുപോലെ ഞങ്ങള്‍ക്കും മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.

01-Apr-2026