വട്ടിയൂർക്കാവിൽ പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിൽ: വി.കെ. പ്രശാന്ത്

വട്ടിയൂർക്കാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ ബിജെപി വോട്ടുകൾക്കായി രഹസ്യ നീക്കം നടത്തുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്. മണ്ഡലത്തിലെ ഒരു ബിജെപി കൗൺസിലർ മുരളീധരന് വേണ്ടി രഹസ്യമായി രംഗത്തുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി സ്ഥാനാർത്ഥി ശ്രീലേഖയോട് പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ള അതൃപ്തി മുതലെടുക്കാനാണ് കെ. മുരളീധരൻ ശ്രമിക്കുന്നത്. ബിജെപിയുടെ വോട്ട് ഉറപ്പിക്കാനാണ് അദ്ദേഹം എതിർ സ്ഥാനാർത്ഥികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. വട്ടിയൂർക്കാവിൽ ത്രികോണ മത്സരമാണെങ്കിലും പ്രധാന പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ എല്ലാ വിഭാഗം ആളുകൾക്കും വേണ്ടി താൻ പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ മറ്റു പാർട്ടികളിലെ വോട്ടർമാരും തനിക്ക് വോട്ട് ചെയ്യുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേഷൻ ഭരണം കയ്യിലില്ല എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും, ബിജെപിയെ രാഷ്ട്രീയമായി നേരിട്ടുകൊണ്ടാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നതെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കി

04-Apr-2026