പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതര പിശക്

സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതരമായ വാചകപ്പിശക്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ (സി.എ) നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പിഴവ് സംഭവിച്ചത്.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് സി.എയായി നിയമിക്കേണ്ടതായിരുന്നു ഉത്തരവ്. എന്നാൽ, ഉത്തരവിലെ പിഴവ് കാരണം ഉദ്യോഗസ്ഥനെ നേരിട്ട് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിച്ചതായി രേഖപ്പെടുത്തുകയായിരുന്നു.

ഉത്തരവ് പുറത്തുവന്നതോടെ സെക്രട്ടേറിയറ്റിലും സാമൂഹിക മാധ്യമങ്ങളിലും സംഭവം വ്യാപക ചർച്ചയായി. വൻ വിമർശനവും പരിഹാസവും ഉയർന്നതിനെ തുടർന്ന് പൊതുഭരണ വകുപ്പ് പിഴവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കി.

സംഭവം ഭരണനിർവഹണത്തിലെ അശ്രദ്ധയുടെ ഉദാഹരണമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഔദ്യോഗിക ഉത്തരവുകൾ പുറത്തിറക്കുന്നതിന് മുൻപ് കൂടുതൽ പരിശോധനകൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം വീണ്ടും ചൂണ്ടിക്കാട്ടുകയാണ്.

 
 
 

08-Jul-2026