ഫണ്ട് വിവാദം ; രാജീവ് ചന്ദ്രശേഖറിന് മുന്നിൽ പരാതികളുടെ കൂമ്പാരം

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ പരാതികളുടെ പ്രളയം. കോഴിക്കോട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിൽ നിന്ന് ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയരുന്നത്. പാർട്ടിയുടെ മണ്ഡലം തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ ക്രമക്കേടുകൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിനായി വാങ്ങിയ കോടികളുടെ ഫണ്ടിലും സ്ഥാനാർത്ഥികൾക്ക് നൽകേണ്ട തുകയിലും ഉൾപ്പെടെ വൻ തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് പ്രധാന പരാതി.

സ്ഥാനാർത്ഥികൾക്ക് വാഗ്ദാനം ചെയ്ത തുക നൽകാതിരിക്കുകയും, ഇവർക്കായി മാറ്റിവെച്ച വലിയ തുക ചെലവഴിക്കാതിരിക്കുകയും ചെയ്തത് എറണാകുളത്ത് വലിയ വിവാദമായിട്ടുണ്ട്. തൃശൂരിലെ തിരഞ്ഞെടുപ്പ് ഫണ്ട് ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായതും, പാർട്ടി ഫണ്ട് ഉപയോഗിച്ച് ചില നേതാക്കൾ സ്വന്തം വായ്പകൾ തിരിച്ചടച്ചതും പാർട്ടിക്കുള്ളിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം പല നേതാക്കളും സഹകരണ ബാങ്കുകളിലെ വായ്പകൾ ഒറ്റത്തവണയായി അടച്ചുതീർത്തത് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കൊടി വാങ്ങിയ വകയിലും, വാഹന വാടക, ഹോട്ടൽ റൂം ബുക്കിംഗ്, ഹെലികോപ്റ്റർ യാത്രകൾ എന്നിവയിലും വ്യാജ ബില്ലുകൾ നൽകി പണം തട്ടിയെന്ന് ആരോപണമുണ്ട്. വട്ടിയൂർക്കാവ് മണ്ഡലവുമായി ബന്ധപ്പെട്ട് കമ്പനിയുടെ പേരിൽ നൽകിയ വ്യാജ ബിൽ പ്രചരിച്ചത് വലിയ തോതിൽ ചർച്ചയായിരുന്നു. നേരത്തെ മണ്ഡലം മുതൽ കേന്ദ്രതലം വരെ ഓഡിറ്റ് നടത്തിയെന്ന് പാർട്ടി അവകാശപ്പെട്ടിരുന്നെങ്കിലും, പുറത്തുവരുന്ന പുതിയ വിവരങ്ങൾ നേതൃത്വത്തെ പൂർണമായും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് അടുപ്പമുള്ള ചില ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് ഈ ക്രമക്കേടുകൾക്ക് പിന്നിലെന്ന് സൂചനയുണ്ട്. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതിക്കൂട്ടിലായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും മണ്ഡലാടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണം നടത്താനും പാർട്ടി നിർബന്ധിതരായിരിക്കുകയാണ്.

17-Jul-2026