അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്ന അര്‍ജുന്‍ പുലർച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്.

ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും തിരച്ചില്‍ ശക്തമാക്കിയതും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി.

ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് അര്‍ജുനെ പിടികൂടിയത്. കോതമംഗലം, ഊന്നുകല്‍ സ്റ്റേഷന്‍ പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ ഉദ്യോഗസ്ഥരെയും സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും നിരന്തരം വെല്ലുവിളിച്ചു വരികയായിരുന്നു അര്‍ജുന്‍.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

09-Aug-2026