മുസ്ലിം ലീഗ് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് പാർട്ടി നേതൃത്വം. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. മന്ത്രിമാർ പാർട്ടി നേതൃത്വത്തെ അവഗണിക്കുന്നുവെന്ന പരാതികൾ ശക്തമായ പശ്ചാത്തലത്തിലാണ് നിർണായക യോഗം വിളിച്ചിരിക്കുന്നത്.
മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളും ഭരണപരമായ സമീപനങ്ങളും യോഗത്തിൽ വിശദമായി വിലയിരുത്തും. സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകുമെന്നാണ് വിവരം.
യോഗം വിവാദമാകാതിരിക്കാൻ 'പാണക്കാട് ചായസൽക്കാരം' എന്ന പേരിലാണ് മന്ത്രിമാരെ ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ, പാർട്ടി നേതൃത്വവും മന്ത്രിമാരും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങളും പരാതികളും യോഗത്തിൽ തുറന്ന ചർച്ചയ്ക്ക് വിധേയമാകുമെന്നാണ് വിലയിരുത്തൽ.
സ്റ്റാഫ് നിയമനങ്ങളിൽ ലീഗ് മന്ത്രിമാർ ഏകപക്ഷീയമായ തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്നും, പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നില്ലെന്നും പാർട്ടിക്കുള്ളിൽ നിന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.