കെഎസ്‌യു പ്രതിഷേധം തിരിച്ചടിയായി; പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ കെപിസിസി ഇടപെടൽ

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ പരസ്യമായതോടെ, നേതാക്കളുടെ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കെപിസിസി നേതൃത്വം രംഗത്തിറങ്ങുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കളോട് ഇനി പൊതുപ്രതികരണങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകാനാണ് തീരുമാനം.

പഠിച്ച കോളജിൽ വച്ച് അപമാനിക്കപ്പെട്ടെന്ന വികാരമാണ് അലോഷ്യസ് സേവ്യറിനുള്ളതെന്നാണ് വിവരം. എന്നാൽ വിവാദം വ്യാപകമായി മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലേക്കാണ് അദ്ദേഹവും എത്തിയിരിക്കുന്നത്.

ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ, എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്‌യുവിന്റെ ആരോപണം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിയതോടെയാണ് വിവാദം ശക്തമായത്. "പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണ് കാര്യം" എന്ന മുഖ്യമന്ത്രിയുടെ പരാമർശവും സംഘടനയിലെ ഒരു വിഭാഗം നേതാക്കളിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കി.

അതേസമയം, കെഎസ്‌യു എക്കാലത്തും തിരുത്തൽ ശക്തിയായിരുന്നുവെന്നും മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വളർന്ന നേതാവാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

സർക്കാർ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ട ബാധ്യതയുണ്ടെന്ന് എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. ഇതിനിടെ, പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും വി.ഡി. സതീശൻ കെഎസ്‌യുവിനോട് ആത്മാർത്ഥത പുലർത്തിയിട്ടില്ലെന്ന വിമർശനവുമായി മുൻ കെഎസ്‌യു ഭാരവാഹി അഡ്വ. റൊസാരിയോ ടോമിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായി. സംഘടനാ പ്രവർത്തനകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് പിന്നീട് പിൻവലിച്ചു.

വിവാദം കൂടുതൽ വഷളാകുന്നതിനിടെ, വി.ഡി. സതീശനെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ തുടരുകയാണ്.

18-Jul-2026