കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം കൊടുക്കുന്നത്: ഡിവൈഎഫ്ഐ
അഡ്മിൻ
മെഡിക്കൽ കോളേജുകളിലെ പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് ഭരണപക്ഷവും ഡിവൈഎഫ്ഐയും തമ്മിലുള്ള തർക്കം മുറുകുന്നു. ആശുപത്രി പരിസരങ്ങളിൽ ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ശക്തമായ ഭാഷയിൽ രംഗത്തെത്തി. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്നും എന്നാൽ ജനക്ഷേമ പദ്ധതികൾ തുടരുക എന്നതാണ് തങ്ങളുടെ നയമെന്നും വസീഫ് വിമർശിച്ചു.
സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഡിവൈഎഫ്ഐ ഈ കാരുണ്യ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിര്‍ത്തലാക്കുമെന്ന് പറയുന്നു. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നത്.
സർക്കാർ കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങട്ടെ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം മുടങ്ങാതിരുന്നാല്‍ മാത്രം മതി. കൊടിയും ബാനറും വെക്കുന്നതില്‍ എന്താണ് ഇത്ര വലിയ പ്രശ്‌നം. ഞങ്ങള്‍ക്ക് ഇതിൽ മറ്റു താല്‍പ്പര്യങ്ങള്‍ ഇല്ല. കൊടിയുടെ നിറം നോക്കിയല്ല ഞങ്ങള്‍ വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത്.
ഞങ്ങളുടെ ഈ പ്രവർത്തനത്തെ തകർക്കാൻ നോക്കുന്നതിന് പകരം മറ്റുള്ളവരും ഇത് മാതൃകയാക്കുകയാണ് വേണ്ടത് വസീഫ് കൂട്ടിച്ചേര്‍ത്തു. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിനായി സർക്കാർ സംവിധാനത്തിൽ കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നും, പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുമെന്നുമായിരുന്നു മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം. ഇതിനൊപ്പം ആശുപത്രി പരിസരങ്ങളിൽ രാഷ്ട്രീയ ബാനറുകൾ വെച്ചുള്ള വിതരണം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയതാണ് ഡിവൈഎഫ്ഐയെ ചൊടിപ്പിച്ചത്.