ആരോഗ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐയും ഇടത് നേതാക്കളും

സർക്കാർ ആശുപത്രികളിൽ ബാനറും കൊടിയും വെച്ചുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത ആക്രോശവുമായി ഇടത് നേതാക്കൾ രംഗത്ത്. പി.എ. മുഹമ്മദ് റിയാസ് എംഎൽഎ, എം. സ്വരാജ്, ജോൺ ബ്രിട്ടാസ് എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളാണ് മന്ത്രിക്കെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയത്.

പ്രശ്നത്തിൽ യാതൊരുവിധ പരാതിയും ഉയരാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് സാമന്ത രാജാവിനെപ്പോലെയാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. ഡിവൈഎഫ്ഐയുടെ മേൽ കുതിരകയറാൻ ആരും വരേണ്ടതില്ല. മന്ത്രി ആദ്യം ശ്രദ്ധിക്കേണ്ടത് സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പർച്ചവ്യാധികൾ തടയാനാണ്. പകരം സംവിധാനം ആലോചിക്കാതെ ജനങ്ങളുടെ അന്നം മുടക്കുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കില്ല റിയാസ് വ്യക്തമാക്കി.

ദയവായി ജനങ്ങളുടെ അന്നം മുടക്കരുതെന്നാണ് തനിക്ക് ആരോഗ്യമന്ത്രിയോട് അഭ്യർത്ഥിക്കാനുള്ളതെന്ന് എം. സ്വരാജ് പറഞ്ഞു. എപ്പോഴും കൊടിയും തോരണങ്ങളും കെട്ടിയല്ല ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തുന്നത്. ചില പ്രത്യേക ആഘോഷ ദിവസങ്ങളിൽ മാത്രമാണ് ബാനർ വെക്കാറുള്ളത്. ആശുപത്രികളിൽ ഒട്ടനവധി സന്നദ്ധ സംഘടനകൾ വിവിധ സേവനങ്ങൾ ചെയ്യുന്നുണ്ടെന്നും അതിലൊന്നും കാണാത്ത വിരോധം ഇപ്പോഴത്തെ മന്ത്രിക്ക് എന്തിനാണെന്നും സ്വരാജ് ചോദിച്ചു. ആരോഗ്യമന്ത്രിയോട് തനിക്ക് സഹതാപം മാത്രമാണുള്ളതെന്ന് ജോൺ ബ്രിട്ടാസ് എംപി പരിഹസിച്ചു. മന്ത്രിയുടെ ഹണിമൂൺ പീരിയഡ് കഴിഞ്ഞോ എന്നും അദ്ദേഹത്തിന്റെ കെട്ടുപോയോ എന്ന് സംശയമുണ്ടെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

പൊതിച്ചോർ വിതരണത്തിൽ തങ്ങൾ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും രാഷ്ട്രീയമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആഞ്ഞടിച്ചു. കോവിഡും പ്രളയവും വന്നപ്പോഴും മുടങ്ങാത്ത പദ്ധതിയാണിത്.
ഡിവൈഎഫ്ഐയുടെ ആംബുലൻസിൽ കൊണ്ടുവരുന്ന രോഗിയെ കെ. മുരളീധരൻ ആശുപത്രിയിൽ കയറ്റാതിരിക്കുമോ. ഇന്നലെയും ഇന്നും നൽകിയതുപോലെ നാളെയും ഞങ്ങൾ പൊതിച്ചോർ നൽകും, ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിക്കുകയും ചെയ്യും. അത് തടയാൻ ഒരു മന്ത്രിക്കും സാധിക്കില്ല. വിശപ്പിൽ രാഷ്ട്രീയം കലർത്തിയത് മുരളീധരനാണ്.

സ്വന്തം പിതാവിന്റെ പേരിൽ പുതിയ മെഡിക്കൽ കോളേജ് തുടങ്ങുന്നത് രാഷ്ട്രീയമല്ലേ. തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ യൂത്ത് കോൺഗ്രസിനും മന്ത്രിക്കും കുശുമ്പും അസൂയയുമാണെന്നും സനോജ് കുറ്റപ്പെടുത്തി. മന്ത്രിയുടേത് വെറും രാഷ്ട്രീയ വൈരാഗ്യമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവും വിമർശിച്ചു. ഡാഡിയൻ ഷിപ്പ് ഉള്ളതുകൊണ്ട് മാത്രം മന്ത്രിപദവിയിൽ എത്തിയ ആളാണ് മുരളീധരൻ. സാധാരണക്കാരുടെ വീടുകളിൽ നിന്ന് സമാഹരിക്കുന്ന സ്നേഹപ്പൊതിയാണ് മന്ത്രി തടയാൻ നോക്കുന്നതെന്നും സഞ്ജീവ് ആരോപിച്ചു.

19-Jul-2026