ഇഡിയെ ഉപയോഗിച്ച് സിപിഐഎമ്മിനെ വേട്ടയാടുന്നു; കേന്ദ്രത്തിനെതിരെ എം.വി. ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കരുവന്നൂർ കള്ളപ്പണക്കേസിൽ പാർട്ടിക്കും നേതാക്കൾക്കും എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾ രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ച് സിപിഐഎം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, സിപിഐഎമ്മിനെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എങ്ങനെ തകർക്കാമെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും ഇഡി മാത്രമല്ല, മറ്റ് കേന്ദ്ര ഏജൻസികളെയും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില വലതുപക്ഷ മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുകയാണെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വ്യാപകമായ സ്വകാര്യവൽക്കരണ നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ പൊതുമേഖലയെയും വികസന നേട്ടങ്ങളെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി മേഖലയെ സംബന്ധിച്ചും എം.വി. ഗോവിന്ദൻ മാസ്റ്റർ വിമർശനം ഉന്നയിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആസൂത്രിതമായ ഇടപെടലുകളിലൂടെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കിയതിനാലാണ് വർഷങ്ങളോളം പവർകട്ട് ഇല്ലാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പവർകട്ട് ഒഴിവാക്കാൻ ദൈവത്തോട് പ്രാർഥിക്കണമെന്ന വൈദ്യുതി മന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം പരിഹസിച്ചു.