വി.എസിന്റെ ഓർമ്മകൾ പാർട്ടി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വലിയ കരുത്തുപകരും: ടി.പി രാമകൃഷ്ണൻ

മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ വിപ്ലവ പാരമ്പര്യവും പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളും അനുസ്മരിച്ച് ടി.പി. രാമകൃഷ്ണൻ. സിപിഐഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വി.എസിന്റെ ഓർമ്മകൾ പാർട്ടി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വലിയ കരുത്തുപകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനോടനുബന്ധിച്ച് ആലപ്പുഴ വലിയ ചുടുകാടിലും വിവിധ ഏരിയ തലങ്ങളിലും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വലിയ ചുടുകാടിൽ നടക്കുന്ന പ്രധാന ചടങ്ങ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരയിൽ നിന്ന് പോരാട്ടം തുടങ്ങിയ വി.എസ്, 1964-ൽ സിപിഐഎം രൂപീകരിച്ച 32 സ്ഥാപക നേതാക്കളിൽ അവസാനമായി വേർപിരിഞ്ഞ വ്യക്തിയാണ്. സഖാവ് കൃഷ്ണപ്പിള്ളയുടെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലെ അടിമസമാനമായ ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് നാടുവാഴിത്തത്തിനെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ ചരിത്രപ്രസിദ്ധമാണ്. തൊഴിലാളി-കർഷക പ്രശ്നങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷ തുടങ്ങിയ മേഖലകളിലും ജനപക്ഷ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

കേന്ദ്ര ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ രാജ്യത്ത് ശക്തമായ പോരാട്ടം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചരമവാർഷികം കടന്നുവരുന്നത്. സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ നടപടികൾക്കെതിരെ പോരാടാൻ വി.എസിന്റെ സ്മരണ പ്രവർത്തകർക്ക് ഊർജ്ജമേകും. അദ്ദേഹത്തിന്റെ രോഗകാലത്തും വേർപാടിലും ജനങ്ങൾ പ്രകടിപ്പിച്ച വൈകാരിക പ്രതികരണം വി.എസിന് ജനമനസ്സുകളിലുള്ള ആഴത്തിലുള്ള സ്വാധീനമാണ് കാണിക്കുന്നതെന്നും, വിപ്ലവ സ്മരണകൾ പുതുക്കി പുതിയ ചുമതലകൾ ഏറ്റെടുക്കുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

21-Jul-2026