വി.എസ്. കേരളം കണ്ട മഹത്തായ ബുദ്ധിജീവികളിൽ ഒരാൾ; സമരവീര്യത്തിന്റെ പ്രതീകമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

ഇ.എം.എസ്. നമ്പൂതിരിപ്പാടിനും പി. കൃഷ്ണപിള്ളയ്ക്കും ഒപ്പം ചേർത്ത് വിലയിരുത്തപ്പെടേണ്ട നേതാവാണ് വി.എസ്. അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേരളം കണ്ട ഏറ്റവും വലിയ ബുദ്ധിജീവികളിൽ ഒരാളായിരുന്നു വി.എസ്. എന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ വലിയചുടുകാട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. കൃഷ്ണപിള്ള ഈ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു എന്നും അതേ തലത്തിൽ കേരളം കണ്ട ബുദ്ധിജീവിയാണ് വി.എസ്. എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ജനങ്ങളുടെ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ നേതാവായി വി.എസ്. മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പ്രിയപ്പെട്ട നേതാവായിരുന്ന വി.എസ്. സ്വാതന്ത്ര്യദിനാഘോഷം പോലും ജയിലിൽ ആഘോഷിക്കേണ്ടി വന്ന സമരസേനാനിയായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.

വി.എസ്. ഇല്ലാത്ത ഒരു വർഷം പിന്നിടുമ്പോൾ കേരളം നേടിയ മൗലിക നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച എം.വി. ഗോവിന്ദൻ, അതിനെതിരെ ശക്തമായ പോരാട്ടങ്ങൾ ഉയർന്നുവരുമെന്നും പറഞ്ഞു. പാർലമെന്റിലേക്ക് യുവജനത നടത്തിയ സമരം ചരിത്രത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റങ്ങളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി സർക്കാരിന്റെ നയങ്ങൾക്ക് സമാനമായ നിലപാടുകളിലേക്കാണ് യുഡിഎഫ് നീങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പോരാടാനുള്ള ഊർജവും ആർജവവുമാണ് വി.എസ്. അച്യുതാനന്ദന്റെ ഓർമകൾ നൽകുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

21-Jul-2026