സഹകരണ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം; ലക്ഷ്യം മറ്റൊന്ന്: പിണറായി വിജയൻ
അഡ്മിൻ
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നുണ്ടെന്നും അതിന് പിന്നിലെ ലക്ഷ്യം മറ്റൊന്നാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്നും, മുൻകാലങ്ങളിൽ ഇല്ലാതിരുന്ന ചില പ്രശ്നങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളെ സഹകരണ മേഖല അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്നങ്ങളുടെ പേരിൽ മുഴുവൻ സഹകരണ മേഖലയെയും തകർക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ പിണറായി, അതിനെ നേരിടാൻ ശക്തമായ നിയമസംവിധാനങ്ങൾ നിലവിലുണ്ടെന്നും തട്ടിപ്പുകാർക്കെതിരെ ദയാദാക്ഷിണ്യമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ സഹകാരികൾ ഒരുമിച്ച് നിൽക്കുന്ന പതിവാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണം സൂക്ഷിക്കുന്നുവെന്ന തരത്തിൽ ചിലർ വ്യാജപ്രചാരണം നടത്തിയിരുന്നുവെന്നും, സഹകാരികളിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് അതിന് പിന്തുണ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുകയും നിക്ഷേപിച്ച ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തതോടെ സഹകരണ മേഖല തകർന്നില്ലെന്നും മറിച്ച് കൂടുതൽ കരുത്തോടെ മുന്നേറിയെന്നും പിണറായി പറഞ്ഞു.
അതേസമയം, സഹകരണ മേഖലയ്ക്ക് പുതിയ വെല്ലുവിളിയായി മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ഉയർന്നുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സ്ഥാപനങ്ങൾ നിയന്ത്രണങ്ങളില്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായും അവയുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ പരിഹാരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.