നിധിന്‍ രാജിന് നീതി നിഷേധം; പൊലീസ് വീഴ്ച ബോധപൂര്‍വ്വം : കെ എസ് കെ ടി യു

കേരളത്തിലെ പൊലീസ് സംവിധാനം സമ്പന്നന്മാര്‍ക്ക് വേണ്ടി ബോധപൂര്‍വ്വമായ വീഴ്ചകള്‍ വരുത്തുമെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ പ്രതിയായ ഡോ. എം കെ റാമിനെ രക്ഷിക്കാനുള്ള പൊലീസിന്റെ വഴിവിട്ട നീക്കമെന്ന് കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ കരുതികൂട്ടി അട്ടിമറിച്ച പൊലീസിന്റെ വീഴ്ചയാണ് പ്രതിയെ വിട്ടയക്കാനും കോടതിയുടെ വിമര്‍ശനത്തിനും കാരണമായത്. പ്രതിയെ അറസ്റ്റ് ചെയ്തത് നടപടിക്രമം പാലിക്കാതെയാണെന്ന കാര്യം പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ഉന്നയിച്ചത് പൊലീസില്‍ നിന്നും മുന്‍കൂട്ടി മനസ്സിലാക്കിയാണ്.

കോടതിയില്‍ അത്തരമൊരു വാദം പ്രതിക്കനുകൂലമായി ഉയര്‍ത്തുന്നതിനുവേണ്ടി പൊലീസും പ്രതിഭാഗവും ചേര്‍ന്ന് ഒത്തുകളിക്കുകയായിരുന്നു. എസ് സി-എസ് ടി സ്‌പെഷ്യല്‍ കോടതി ഉത്തരവ് ലംഘിച്ച് കോടതി വിട്ടയച്ച പ്രതിയെ കോടതി വളപ്പില്‍ നിന്ന് വീണ്ടും പിടികൂടിയ പൊലീസ് നടപടിയേയും ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വീഴ്ചകള്‍ വരുത്തുന്ന പൊലീസ് സംവിധാനം സവര്‍ണ-സമ്പന്ന സേവ നടത്തുന്ന സംഘപരിവാര്‍ സ്വഭാവത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശം പാലിക്കാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും അത് പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കുകയും ചെയ്ത പൊലീസ് ഉദേ്യാഗസ്ഥരെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും യു ഡി എഫ് സര്‍ക്കാരിന്റെയും നിലപാട്, ദളിത് വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ ഭരണകൂടത്തിന് ചേര്‍ന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സവര്‍ണ മേലാളന്മാർക്കും യു ഡി എഫ് കാലത്ത് ഇരട്ട നീതിയാണ് നല്‍കുകയെന്ന സര്‍ക്കാരിന്റെ മനോഭാവത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

22-Jul-2026