‘പാട്ടും പ്രതിഷേധവും’ പരിപാടിക്ക് പിന്നാലെ നടപടി; റാപ്പർ വേടനും 99 പേർക്കുമെതിരെ കേസ്

റാപ്പർ വേടന്റെ നേതൃത്വത്തിൽ എറണാകുളം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സിജെപി ഐക്യദാർഢ്യ സദസിനെ തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. വേടന്റെ മാനേജർ ഉൾപ്പെടെ 99 പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ജൂലൈ 20-ന് ‘പാട്ടും പ്രതിഷേധവും’ എന്ന പേരിൽ ആവശ്യമായ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചെന്നാണ് പൊലീസ് ആരോപണം.

രാഷ്ട്രീയ, സാംസ്‌കാരിക, കായിക മേഖലകളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സദസ് സംഘടിപ്പിച്ചത്.

അതേസമയം, മുൻകാലങ്ങളിൽ സമാന പ്രതിഷേധ പരിപാടികൾക്കെതിരെ കേസെടുത്തതിനെ വിമർശിച്ചിരുന്നവർ തന്നെ അധികാരത്തിലിരിക്കെ ഇത്തരം നടപടികൾ സ്വീകരിക്കുന്നുവെന്ന ചർച്ചയും ഉയരുന്നുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസും ഇന്ത്യ മുന്നണിയും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെയാണ് കേരളത്തിൽ പ്രതിഷേധ പരിപാടിയുടെ പേരിൽ റാപ്പർ വേടന്റെയും സംഘത്തിന്റെയും എതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

24-Jul-2026