യൂട്യൂബർമാർക്കും വ്ലോഗർമാർക്കും കടുത്ത വിലക്കുമായി സുപ്രീം കോടതി

കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും അവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നതിനും കർശന വിലക്കേർപ്പെടുത്തി സുപ്രീം കോടതി. ലൈവ് സ്ട്രീമിംഗ് ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലൈവ് സ്ട്രീമിംഗ് വഴി സംപ്രേഷണം ചെയ്യുന്ന കോടതി നടപടികളുടെ ഭാഗങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും റീൽസുകളായും യൂട്യൂബ് ഷോർട്ട്സുകളായും പ്രചരിപ്പിക്കുന്നതും വൻതോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് നിയമനടപടി. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് പരിഹാസ്യമായ രീതിയിൽ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കോടതി നടപടികൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് സുതാര്യത ഉറപ്പാക്കാനാണ്. എന്നാൽ ഇത്തരം ലൈവ് വീഡിയോകൾ തെറ്റായ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പങ്കുവെക്കുന്ന യൂട്യൂബർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ ഉത്തരവ് വലിയ തിരിച്ചടിയാകും. നിയമം ലംഘിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നവർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടി വരും.ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ ആകർഷിക്കാൻ വേണ്ടി മാത്രം വിധികൾ ദുർവ്യാഖ്യാനം ചെയ്യുന്നത് തടയാൻ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കും.

പകർപ്പവകാശ ലംഘനം നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ സോഷ്യൽ മീഡിയ കമ്പനികൾ വഴി നടപടിയെടുക്കും.കോടതി നടപടികൾ ജനങ്ങളിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെങ്കിലും അത് തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് നീതിന്യായ നിർവ്വഹണത്തെ പ്രതികൂലമായി ബാധിക്കും. വ്യക്തിപരമായ ലാഭത്തിന് വേണ്ടി കോടതി ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല.

24-Jul-2026