കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തിൽ സമവായമായില്ല
അഡ്മിൻ
ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും സി.ജെ.പി നേതാക്കളും തമ്മിൽ ജൂലൈ 24- ന് രണ്ടാംവട്ട ചർച്ച നടത്തി. വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിൽ ചിലതിന് സർക്കാർ അനുകൂലമായി പ്രതികരിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുടെ രാജിക്കാര്യത്തിൽ സമവായമായില്ല.
ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരെയുള്ള നിയമനടപടികൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ മന്ത്രി ധർമേന്ദ്ര പ്രധാനുടെ രാജി സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഈ വിഷയത്തിൽ സമവായമായില്ലെങ്കിൽ രാജ്യവ്യാപകമായി സമരം ശക്തമാക്കുമെന്ന് സി.ജെ.പി. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചർച്ചകൾ തുടരുന്നതിനായി ജൂലൈ 25- ന് വൈകീട്ട് മൂന്നരയ്ക്ക് വീണ്ടും യോഗം ചേരും. സി.ജെ.പി. പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമാണ് പാർലമെന്റിന് സമീപത്തെ വിത്തൽഭായ് പട്ടേൽ ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി കർശന വ്യവസ്ഥകളുള്ള പുതിയ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. കുറ്റക്കാർക്ക് പത്തുവർഷം തടവും പത്തുകോടി രൂപ വരെ പിഴയും ലഭിക്കുന്നതാണ് പുതിയ ബിൽ. കൂടാതെ, നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ.) അഴിച്ചുപണികളുടെ ഭാഗമായി 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും, മഹാരാഷ്ട്രയിൽ രണ്ടും മധ്യപ്രദേശിൽ നാലും അതിവേഗ കോടതികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി രാജി വെച്ചില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടി വരുമെന്നും സി.ജെ.പി. നേതൃത്വം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകളിലെ പ്രതിപക്ഷ പ്രതിഷേധം കാരണം പാർലമെന്റിന്റെ നടപടികളും തുടർച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചു.