‘ഇന്ത്യൻ യുവതയുടെ പോരാട്ടം ലോകത്തിന് മാതൃക’; ലണ്ടനിലെ പ്രതിഷേധ വേദിയിൽ ഗ്രെറ്റ തുന്‍ബര്‍ഗ്

എസ്എഫ്‌ഐ യുകെ ലണ്ടനിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആഗോള പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. ഇന്ത്യയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ലോകമെമ്പാടുമുള്ള ജനാധിപത്യ-സാമൂഹിക പ്രസ്ഥാനങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണെന്ന് ഗ്രെറ്റ പറഞ്ഞു.

ഞായറാഴ്ച ട്രാഫൽഗർ സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അവർ പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഉയർത്തുന്ന നീതിയുടെയും അവകാശങ്ങളുടെയും ശബ്ദത്തിന് ലോക രാജ്യങ്ങൾ ഒപ്പമുണ്ടെന്ന് ഈ പ്രതിഷേധത്തിലൂടെ വ്യക്തമാക്കുകയാണെന്ന് ഗ്രെറ്റ പറഞ്ഞു.

“ഇന്ത്യയിലെ വിദ്യാർത്ഥികൾ നടത്തിയ പോരാട്ടങ്ങൾ നമ്മെല്ലാവർക്കും അഭിമാനവും പ്രതീക്ഷയും നൽകുന്നതാണ്. വിദ്യാർത്ഥികൾ ഒന്നിച്ചുനിൽക്കുമ്പോൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്,” ഗ്രെറ്റ വ്യക്തമാക്കി.

ജനാധിപത്യത്തിനും നീതിക്കും വേണ്ടിയുള്ള വിദ്യാർത്ഥി സമരം ആഗോള സമൂഹത്തിന്റെ കൂടി സമരമാണെന്നും അതിനാൽ ഇന്ത്യയിലെ യുവജനങ്ങൾക്കൊപ്പമാണ് താനെന്നും അവർ കൂട്ടിച്ചേർത്തു. “നിങ്ങളുടെ ഒപ്പമുണ്ടാകാൻ കഴിഞ്ഞതിൽ അഭിമാനവും നന്ദിയും ഉണ്ട്,” ഗ്രെറ്റ പറഞ്ഞു.

27-Jul-2026