വ്യാജവാര്‍ത്ത പ്രചരണം: നിയമ പോരാട്ടത്തില്‍ ഉറച്ച് പി.കെ ശ്രീമതി; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസയച്ചു

തനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി കടുപ്പിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പി.കെ ശ്രീമതി. ആദ്യഘട്ടമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് മുന്നറിയിപ്പ്. നോട്ടീസ് അയക്കാന്‍ ബാക്കിയുള്ള മറ്റ് മാധ്യമങ്ങള്‍ക്ക് ചൊവ്വാഴ്ചയോടെ വക്കീല്‍ നോട്ടീസ് നല്‍കുമെന്നും ശ്രീമതി വ്യക്തമാക്കി.

കുന്നംകുളം മുന്‍ എം.എല്‍.എ പി.ആര്‍ കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന പി.കെ ശ്രീമതി പെന്‍ഷന്‍ കൈപ്പറ്റുന്നു എന്ന തരത്തിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അപവാദപ്രചാരണം നടന്നത്. വാര്‍ത്തയുടെ വസ്തുത പരിശോധിക്കാനോ തന്റെ പ്രതികരണം തേടാനോ മാധ്യമങ്ങള്‍ തയാറായില്ലെന്നും പൊതുസമൂഹത്തില്‍ തനിക്ക് അവമതിപ്പുണ്ടാക്കാന്‍ മനപൂര്‍വം കൊടുത്ത വാര്‍ത്തയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രായത്തില്‍ ഇത്തരമൊരു പച്ചക്കള്ളം കേള്‍ക്കേണ്ടി വന്നത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും ദുരനുഭവം നേരിട്ട സാഹചര്യത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയവര്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ, സംഭവത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പി.കെ. ശ്രീമതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് സൈബര്‍ ഓപ്പറേഷന്‍സ് ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

28-Jul-2026