ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ജനാധിപത്യ ധ്വംസനം: പിണറായി വിജയൻ

ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

കോടതിയിൽ പരിഗണനയിലുള്ള ഒരു പഴയ കേസിന്റെ പേരിൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയൻ പറഞ്ഞു. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ ശക്തികൾക്കുമെതിരെ ഉയർന്ന ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളിലൂടെ തകർക്കാനോ, ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാനോ കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും ഇത്തരം ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ വഴങ്ങുന്നവരല്ലെന്ന് കേന്ദ്ര സർക്കാർ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാൻ ഡൽഹി പോലീസ് നടത്തിയ നീക്കം അപലപനീയമാണെന്നും, ഐഷി ഘോഷിനും എസ്എഫ്ഐ പ്രവർത്തകർക്കും ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.

28-Jul-2026