കാലവർഷക്കെടുതി: സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും കാലവർഷക്കെടുതിയും ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതുവരെ അഞ്ച് പേർ മരണപ്പെട്ടത് അതീവ ദുഃഖകരമാണെന്നും വീടുകളും കൃഷിയിടങ്ങളും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്, ഇടുക്കി, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ തുടരുന്നതും അതീവ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2018-ലെയും 2019-ലെയും പ്രളയദുരന്തങ്ങളുടെ അനുഭവം കേരളം മറന്നിട്ടില്ലെന്നും, അതിതീവ്ര മഴയും മേഘവിസ്ഫോടനത്തിന് സമാനമായ കാലാവസ്ഥാ പ്രതിഭാസങ്ങളും നിരവധി പ്രദേശങ്ങളെ മണിക്കൂറുകൾക്കകം വെള്ളത്തിനടിയിലാക്കിയ സാഹചര്യം വീണ്ടും ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ വകുപ്പ്, മറ്റ് സർക്കാർ ഏജൻസികൾ എന്നിവ നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും ഒരു കാരണവശാലും അവ അവഗണിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ദുരിതബാധിതർക്കൊപ്പം സമൂഹം ഒന്നാകെ നിലകൊള്ളേണ്ട സമയമാണിതെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കാളികളാകുകയും അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയും ഐക്യദാർഢ്യവും കൈമുതലാക്കി ഈ പ്രതിസന്ധിയെയും കേരളത്തിന് അതിജീവിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

02-Aug-2026