വഖഫ് ബോർഡ് വിഷയത്തിൽ യുഡിഎഫ്-മുസ്ലിംലീഗ് നിലപാട് വഞ്ചനാപരമെന്ന് പി. രാജീവ്
അഡ്മിൻ
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് മുസ്ലിം സമൂഹത്തോടുള്ള വഞ്ചനയാണെന്നും ബിജെപിയോട് വിധേയത്വം പ്രകടിപ്പിക്കുന്നതാണെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ് ആരോപിച്ചു. വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതൃത്വവും നടത്തുന്ന പ്രചാരണം വസ്തുതകൾ മറച്ചുവെച്ചുള്ളതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരിഗണനയിലുള്ള കേസുകളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് പൊതുരേഖകളിൽ വ്യക്തമാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. പുതിയ വഖഫ് നിയമത്തിലെ വകുപ്പ് 14 അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് സർക്കാർ കോടതിയിൽ രേഖാമൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച ശേഷമാണ് കേസുകൾ തള്ളണമെന്ന് സർക്കാർ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
അമുസ്ലിം അംഗങ്ങളെ പിന്നീട് ഉൾപ്പെടുത്തുമെന്ന തരത്തിലുള്ള മുൻ സർക്കാർ വിജ്ഞാപനം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പി. രാജീവ് പറഞ്ഞു. പുതിയ വഖഫ് നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായി വഖഫ് ബോർഡ് രൂപീകരിച്ചത് തമിഴ്നാട്ടിലാണെന്നും, കേരളം പിന്നീട് മാത്രമാണ് ബോർഡ് രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന നിലപാടാണ് കേരളം സുപ്രീംകോടതിയിൽ സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർക്കാർ അഭിഭാഷകർ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
രണ്ട് ഒഴിവുകൾ നിലനിർത്തിയാണ് എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും, നിലവിലുള്ള നിയമം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ അമുസ്ലിം അംഗങ്ങൾക്ക് പകരം മുസ്ലിം അംഗങ്ങളെ നിയമിച്ചാൽ ബോർഡിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നുവെന്നും പി. രാജീവ് വിശദീകരിച്ചു.
വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയെത്തുടർന്നാണ് സർക്കാർ പുതിയ നിയമപ്രകാരം ബോർഡ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് രൂപീകരണം വൈകിപ്പിച്ചുവെന്ന ആരോപണവും അദ്ദേഹം തള്ളി. മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്തും ബോർഡ് പുനഃസംഘടനയിൽ കാലതാമസം ഉണ്ടായിരുന്നുവെന്നും അതിനിടെ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ വഖഫ് നിയമം പാസാകുന്നതിന് മുമ്പ് ബോർഡ് രൂപീകരിച്ചിരുന്നെങ്കിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ട സാഹചര്യം ഒഴിവാകുമായിരുന്നു എന്ന വാദവും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പി. രാജീവ് പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകൾ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി സംബന്ധിച്ചുള്ളതാണെന്നും പുതിയ അംഗത്വ മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവ് നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്ന പ്രചാരണവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാനെയും അംഗങ്ങളെയും നീക്കുന്നതിനുള്ള വ്യവസ്ഥകൾ പഴയ നിയമത്തിലേതിന് സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന് കോടതിയോട് ആവശ്യപ്പെടുന്നതിനുപകരം, അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് രേഖാമൂലം ഉറപ്പുനൽകിയ യുഡിഎഫ് സർക്കാർ ബിജെപിയുടെ നിലപാടിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് പി. രാജീവ് ആരോപിച്ചു.
02-Aug-2026
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ