17 സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത
അഡ്മിൻ
രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പ്രളയം രൂക്ഷമായ അസമിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്.
തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിലും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി. സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.