രാജി ഭീഷണി മുഴക്കുന്ന എംഎൽഎമാർക്ക് ഡികെ ശിവകുമാറിന്റെ മുന്നറിയിപ്പ്

കർണാടക മന്ത്രിസഭാ വികസനത്തിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് രാജി ഭീഷണി മുഴക്കുന്ന കോൺഗ്രസ് എംഎൽഎമാർക്ക് ശക്തമായ മുന്നറിയിപ്പുമായി കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാർ . പാർട്ടി അച്ചടക്കമാണ് ഏറ്റവും പ്രധാനമെന്നും, രാജിവെക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ രാജിക്കത്തുകൾ മിനിറ്റുകൾക്കകം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവകുമാറിന്റെ പ്രതികരണം. മന്ത്രിസഭാ വികസനത്തെ തുടർന്നുണ്ടായ അതൃപ്തി പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും, അസംതൃപ്തരായ നേതാക്കൾ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും ഒഴിവുകൾ ഉടൻ നികത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

താൻ പറയേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ, രാഷ്ട്രീയത്തിൽ രാജി ഒരു സാധാരണ സംഭവമാണെന്നും അഭിപ്രായപ്പെട്ടു. "ആർക്കും ആരുടെയും രാജി തടയാൻ കഴിയില്ല. എന്നാൽ പാർട്ടിയും രാഷ്ട്രീയ ഭാവിയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാർട്ടിയാണ് ഏറ്റവും പ്രധാനം. പാർട്ടിയുണ്ടെങ്കിൽ മാത്രമേ ബാക്കിയെല്ലാം നിലനിൽക്കൂ," എന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ വികസനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉയർന്ന അതൃപ്തി ശമിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾക്കിടെയാണ് ശിവകുമാറിന്റെ ഈ കർശന മുന്നറിയിപ്പ് ശ്രദ്ധേയമായിരിക്കുന്നത്.

05-Aug-2026