"കേരളത്തിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി സി പി ജോൺ മാപ്പുപറയണം"; എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഗതാഗതമന്ത്രി സി പി ജോണിന്റെ സ്ത്രീകളെ സംബന്ധിച്ച പരാമർശം കേരളത്തിലെ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നും മന്ത്രി പരസ്യമായി മാപ്പുപറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി nഎം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം, നവോത്ഥാന പ്രസ്ഥാനങ്ങൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടായ്മകളിലൂടെ സാമൂഹികമായി മുന്നേറിയ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സമീപനമാണ് മന്ത്രിയുടെ വാക്കുകളിൽ പ്രകടമായതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകൾക്ക് എന്തോ ഔദാര്യം നൽകുന്നുവെന്ന പുരുഷമേധാവിത്വ ചിന്തയാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീകൾക്കുള്ള സൗജന്യ യാത്ര യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും അധികാരത്തിലെത്തിയ ശേഷം അത് ഓർഡിനറി ബസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് സർക്കാർ ചെയ്തതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. അതേസമയം, പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് ഇത്തരം പദ്ധതികൾക്കുള്ള ചെലവ് കണ്ടെത്തുന്നതെന്നും, ഏതെങ്കിലും വ്യക്തിയുടെ ഔദാര്യത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് തേടി യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്നും അതിന്റെ ഗുണഭോക്താക്കളെ അധിക്ഷേപിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാർ വീട്ടമ്മമാർക്കായി നടപ്പാക്കിയിരുന്ന ആയിരം രൂപയുടെ സ്ത്രീസുരക്ഷാ പദ്ധതി അവസാനിപ്പിച്ച ശേഷമാണ് നിലവിലെ സൗജന്യ യാത്രാ പദ്ധതി കൊണ്ടുവന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ഏത് ബസിലും യാത്ര ചെയ്യാൻ അവസരം നൽകിയ പദ്ധതിയെ ഒഴിവാക്കി, പരിമിതമായ ബസുകളിലെ സൗജന്യ യാത്രയെ ഔദാര്യമായി ചിത്രീകരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.