സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ പ്രത്യേകമായി അഭിസംബോധന ചെയ്യണം: സി.ജെ.പി
അഡ്മിൻ
വരുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ പ്രത്യേകമായി അഭിസംബോധന ചെയ്യണമെന്നും രാജ്യത്തെ യുവജനതയ്ക്കായി സർക്കാർ സ്വീകരിക്കുന്ന വികസന നയങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകനും നാഷണൽ കൺവീനറുമായ അഭിജീത് ദീപ്‌കെ. ഒരു മതനിരപേക്ഷ കൂട്ടായ്മയായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും രാഷ്ട്രീയ പാർട്ടി ആകാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയ പ്രസ്ഥാനം, സംഘടനയുടെ വിപുലീകരണത്തിനായി വെബ്‌സൈറ്റ് വഴി അംഗത്വമെടുക്കാനുള്ള ക്യൂആർ ) കോഡും പങ്കുവെച്ചിട്ടുണ്ട്.
സിജെപി യാതൊരുവിധ ഫണ്ട് ശേഖരണവും നടത്തുന്നില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. വരുന്ന സെപ്റ്റംബർ മുതൽ രാജ്യവ്യാപകമായി പര്യടനം സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചു. ‘ക്യാ ബോൽത്തി പബ്ലിക്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാമ്പെയ്ൻ വഴി രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ ജനങ്ങളെയും കൂട്ടായ്മകളെയും ഒന്നിച്ചു അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. സംഘടനാ ചുമതലകളിലേക്ക് സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോ-കൺവീനർമാരായി നിശ്ചയിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ സുഗമമാക്കാൻ രാജ്യത്തെ അഞ്ച് സോണുകളായി വിഭജിച്ച് ഓരോ സോണിലും പ്രത്യേക കൺവീനർമാരെ നിയമിക്കുമെന്നും നേതൃത്വം പ്രഖ്യാപിച്ചു.
രാജ്യത്തെ സ്കൂൾ ഫീസുകൾ താങ്ങാനാവാത്തവിധം കുതിച്ചുയരുകയാണെന്നും കോച്ചിംഗ് സെന്ററുകൾ ലാഭം മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും സിജെപി നേതൃത്വം കുറ്റപ്പെടുത്തി. വിദ്യാഭ്യാസം വെറുമൊരു കച്ചവടമായി മാറിയെന്നും രാജ്യത്ത് 94,000-ത്തോളം സ്കൂളുകൾ അടച്ചുപൂട്ടപ്പെട്ടിട്ടും സർക്കാർ വിദ്യാഭ്യാസ രംഗത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ചെലവുകൾ സാധാരണക്കാരന് എട്ടാക്കനിയാകുന്ന നിലവിലെ വ്യവസ്ഥിതി മാറി വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമായ അവകാശമാക്കി മാറ്റുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും സിജെപി വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യയിൽ 60 ശതമാനത്തിലേറെയും യുവാക്കളാണെന്നും തൊഴിലില്ലായ്മ അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ജന്തർ മന്തറിൽ ഉയർന്നുവന്നത് ഈ യുവജനതയുടെ ശബ്ദമാണെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു. രാജ്യത്തെ ജുഡീഷ്യറി പണവും അധികാരവുമുള്ള അത്യുന്നതർക്കൊപ്പം നിൽക്കുന്ന സ്ഥിതിയാണെന്നും അത്തരം വ്യക്തികളുടെ കേസുകൾ അർദ്ധരാത്രിയിൽ പോലും കേട്ട് ഉത്തരവിറക്കുന്നുവെന്നും സിജെപി നിരീക്ഷിച്ചു. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റയടിക്ക് പരിഹാരം കാണാൻ സാധിക്കില്ലെങ്കിലും നീതി ലഭിക്കാത്ത വിഷയങ്ങളിൽ ശക്തമായ സമ്മർദ്ദ ഗ്രൂപ്പായി തുടർന്നും നിലകൊള്ളുമെന്ന് നേതൃത്വം ഉറപ്പുനൽകി.
07-Aug-2026
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ