മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല: റോഷി അഗസ്റ്റിൻ
അഡ്മിൻ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുൻമന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ വിഷയം കേരളത്തിലെ ജനങ്ങൾ ഒരിക്കലും രാഷ്ട്രീയമായി കാണില്ലെന്നും പുതിയ അണക്കെട്ട് നിർമിക്കണമെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുവായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന പ്രഖ്യാപനം ഉൾപ്പെട്ടത്. ഇതിന് പിന്നാലെ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയും ആശങ്ക ശക്തമാവുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ താമസിക്കുന്ന ജനങ്ങൾ പ്രഖ്യാപനത്തെ തുടർന്ന് വലിയ ആശങ്കയിലാണെന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാലപ്പഴക്കവും സുരക്ഷാ സംബന്ധമായ ആശങ്കകളും ഏറെക്കാലമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും പുതിയ ഡാം നിർമിക്കുകയെന്നതാണ് ഏറ്റവും ഉചിതമായ മാർഗമെന്നാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.