കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് വേണം; സർക്കാരിനോട് എം.വി. ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
അഞ്ചുതെങ്ങിൽ കടലിൽ പോയ ശേഷം കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ വീട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. എട്ട് ദിവസമായിട്ടും ഫലപ്രദമായ തെരച്ചിൽ നടത്താൻ കഴിഞ്ഞിട്ടില്ലെന്നത് കുടുംബത്തെ കടുത്ത ദുരിതത്തിലാക്കിയതായി അദ്ദേഹം ആരോപിച്ചു.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയതുപോലെ അർഹമായ ധനസഹായവും കുടുംബാംഗങ്ങൾക്ക് തൊഴിലും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ കുടുംബവും സമാനമായ ദുരിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരികളോടുള്ള നിരാശയും വേദനയും അടക്കിപ്പിടിച്ചാണ് കുടുംബാംഗങ്ങൾ പ്രതികരിക്കുന്നതെന്നും, ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായവരുടെ മൂന്ന് കുടുംബങ്ങൾക്കും സർക്കാർ അടിയന്തര സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കാണാതായ ജോണിന്റെ മകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെയും എം.വി. ഗോവിന്ദൻ മാസ്റ്റർ അപലപിച്ചു. സ്വന്തം പ്രിയപ്പെട്ടവരെ കാണാതായതിന്റെ വേദന പങ്കുവെക്കുന്ന കുടുംബാംഗങ്ങളെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാതെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് സമൂഹം ചെയ്യേണ്ടതെന്നും സൈബർ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.