എച്ച്.എം.ടി പുനരുദ്ധാരണ പാക്കേജ് ഉടൻ നടപ്പാക്കണം; കേന്ദ്രമന്ത്രിക്ക് ജോൺ ബ്രിട്ടാസിന്റെ കത്ത്
അഡ്മിൻ
എച്ച്.എം.ടി ലിമിറ്റഡിന്റെ പുനരുദ്ധാരണ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് കത്തയച്ചു. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പുനരുദ്ധാരണ നടപടികൾ വൈകുന്നത് സ്ഥാപനത്തെയും ജീവനക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ഡിസംബർ 10-ന് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും പാർലമെന്റിലെ ചർച്ചകളിലും പുനരുദ്ധാരണ നടപടികൾ വേഗത്തിൽ നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്ന് കത്തിൽ ബ്രിട്ടാസ് ഓർമ്മിപ്പിച്ചു. ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തിയായിട്ടും ഇതുവരെ പാക്കേജ് നടപ്പിലാക്കാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നടപടിക്രമങ്ങളിലെ കാലതാമസം മൂലം എച്ച്.എം.ടി യൂണിറ്റുകൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് എംപി പറഞ്ഞു. ജീവനക്കാരുടെ ശമ്പള വിതരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണെന്നും 2018 മുതൽ വിരമിച്ച തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇപ്പോഴും വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 വരെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കളമശ്ശേരി യൂണിറ്റ് നിലവിലെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നഷ്ടത്തിലാണെന്നും ബ്രിട്ടാസ് കത്തിൽ വ്യക്തമാക്കി. ഇത് സ്ഥാപനത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
1953 മുതൽ രാജ്യത്തിന്റെ വ്യാവസായിക വളർച്ചയിൽ നിർണായക പങ്കുവഹിച്ച എച്ച്.എം.ടിയുടെ പുനരുജ്ജീവനം തൊഴിലാളികളുടെയും പെൻഷൻകാരുടെയും ജീവിത സുരക്ഷയ്ക്കു മാത്രമല്ല, ഇന്ത്യയുടെ തന്ത്രപ്രധാന നിർമ്മാണ ശേഷി നിലനിർത്തുന്നതിനും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനാൽ, ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പുനരുദ്ധാരണ പാക്കേജിന് അംഗീകാരം നൽകുകയും ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.