യു.പി.ഐ ഇടപാടുകൾക്ക് നികുതി ചുമത്താൻ നീക്കം; കേന്ദ്രത്തിനെതിരെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

2026-ലെ കേന്ദ്ര ബജറ്റിന്റെ പരാജയം മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ പുതിയ ഇൻകം ടാക്സ് ഭേദഗതി നിയമവുമായി എത്തിയിരിക്കുന്നതെന്ന് ആരോപിച്ച് രാജ്യസഭയിൽ ശക്തമായ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. യു.പി.ഐ (UPI) ഇടപാടുകൾക്ക് മേൽ അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമഭേദഗതിയിലൂടെ കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജൂൺ 5-ന് പുറത്തിറക്കിയ ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത നിരവധി വ്യവസ്ഥകൾ പിന്നീട് ബില്ലിൽ ചേർത്തതിലൂടെ പാർലമെന്റിനെയും ജനങ്ങളെയും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. ‘മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്’ (MDR) സംവിധാനത്തിലൂടെ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് അധിക തുക ഈടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ രാജ്യത്ത് 54 കോടിയിലധികം ആളുകൾ യു.പി.ഐ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക ബാധ്യത വ്യാപാരികളെ മാത്രമേ ബാധിക്കുകയുള്ളുവെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും, വ്യാപാരികൾക്ക് മേൽ വരുന്ന അധിക ചെലവ് ഒടുവിൽ ഉപഭോക്താക്കളിലേക്കാണ് കൈമാറപ്പെടുകയെന്ന് ബ്രിട്ടാസ് മുന്നറിയിപ്പ് നൽകി.

യു.പി.ഐ ഇടപാടുകൾക്ക് യാതൊരു തരത്തിലുള്ള ചാർജും ഈടാക്കില്ലെന്നും സാധാരണ ജനങ്ങൾക്ക് അധികഭാരം സൃഷ്ടിക്കില്ലെന്നും പ്രധാനമന്ത്രി മുമ്പ് ഉറപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ ഉറപ്പിന് വിരുദ്ധമായ നടപടികളാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിക്ഷേപകർക്ക് ഇളവുകൾ നൽകുന്നതിന്റെ പേരിൽ ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതികൾ കൊണ്ടുവരുന്നത് രാജ്യത്തിന് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും, സാധാരണക്കാരുടെ മേൽ പരോക്ഷ നികുതി ചുമത്താനുള്ള ശ്രമമാണിതെന്നും ഡോ. ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ വിമർശിച്ചു.

 
 
 
 

10-Aug-2026