കാണാതായ മത്സ്യത്തൊഴിലാളികളുടെ തെരച്ചിലിൽ സർക്കാർ പരാജയം; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ മാസ്റ്റർ

കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ദുരന്തത്തിന് പിന്നാലെ നിർണായകമായ ‘ഗോൾഡൻ സമയം’ നഷ്ടപ്പെടുത്തിയതാണ് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചതെന്നും സർക്കാരിന്റെ സമീപനം നിരുത്തരവാദപരമാണെന്നും അദ്ദേഹം വിമർശിച്ചു.

ഓഖി ദുരന്തകാലത്ത് സ്വീകരിച്ചതിലും കൂടുതൽ സഹായങ്ങൾ ദുരിതബാധിത കുടുംബങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട ഗോവിന്ദൻ, മരിച്ചവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി ഉൾപ്പെടെയുള്ള പ്രത്യേക സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്നും പറഞ്ഞു.

“ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിലാണ് നടക്കുന്നതെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ദുരന്തത്തിന്റെ തുടക്കത്തിൽ തന്നെ ആവശ്യമായ രീതിയിൽ തെരച്ചിൽ നടന്നില്ല,” എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

11 ദിവസം മുൻപ് ഉണ്ടായ പ്രകൃതി ദുരന്തത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിക്കുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തിരുന്നു. കൊല്ലം നീണ്ടകര സ്വദേശികളായ യു. രാജീവൻ, കടുവങ്കൽ രാധാകൃഷ്ണൻ, വിഴിഞ്ഞം സ്വദേശി ആന്റണി, മുതലപ്പൊഴി സ്വദേശി ഫ്രീമോൻ എന്നിവരാണ് മരിച്ചത്. നീണ്ടകരയിലെ ഗൗതം കൃഷ്ണ, പുല്ലുവിള സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ എന്നിവർ ഇപ്പോഴും കാണാതായ നിലയിലാണ്.

ഇതിനിടെ, ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട് ഫിഷറീസ് വകുപ്പ് മന്ത്രി സന്ദർശിച്ചു. ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പുനൽകുമെന്ന് മന്ത്രി അറിയിച്ചു.

10-Aug-2026