അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ നടപടിക്രമങ്ങൾ പാലിച്ചു: വി അബ്ദു റഹിമാൻ

അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശ് പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരം നടത്തുന്നതിനായി അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (AFA) സ്പോൺസർ കമ്പനിയും തമ്മിലാണ് കരാർ ഒപ്പിട്ടതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയ ശേഷമാണ് അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്. സ്പോൺസർക്ക് പണം കൈമാറുന്നതിനും റിസർവ് ബാങ്കിന്റെ അനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോൺസർ എഎഫ്എയ്ക്ക് പണം കൈമാറിയത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകുന്നതെന്നും അതിനാൽ കായിക വകുപ്പ് ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, കലൂരിലെ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം നൽകിയെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു. അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

11-Aug-2026